ന്യൂഡല്‍ഹി: ഉന്നതപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു. വിദേശരാജ്യങ്ങളില്‍ ആഭ്യന്തരപ്രശ്നങ്ങളും മറ്റുമുണ്ടാകുമ്പോള്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നിര്‍ദേശമെന്ന് വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ ‘എമിഗ്രേഷന്‍ ബില്ലി’ല്‍ വ്യക്തമാക്കുന്നു.
കൂടാതെ വിദേശത്തേക്ക് പോകുന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ‘എമിഗ്രേഷന്‍ മാനേജ്മെന്റ് അതോറിറ്റി’ക്കും രൂപം നല്‍കും. വിദ്യാര്‍ത്ഥികളെ വിദേശത്തെത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കും.
വിദേശത്തേക്ക് പഠിക്കുന്നവരുടെയും ജോലി ചെയ്യുന്നവരുടെയും കൃത്യമായ കണക്കും വിവരങ്ങളും ശേഖരിക്കുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളില്‍ അവരെ രാജ്യത്തെത്തിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും കഴിയുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.