പുണെ: കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ പദ്മഭൂഷണ്‍ പുരസ്ക്കാരം തിരികെ നല്‍കുമെന്ന് അണ്ണ ഹസാരെ അറിയിച്ചു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാകുമെന്നും ഹസാരെ പറഞ്ഞു. അഴിമതിക്ക് എതിരെയുള്ള ലോക്പാല്‍- ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല ഉപവാസസമരം നടത്തി വരികയാണ് 81-കാരനായ ഹസാരെ.
എന്നാല്‍ സമരം അഞ്ചുദിവസം പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടങ്ങിയിരിക്കുകയാണ്. ഹസാരെയുടെ രക്തസമ്മര്‍ദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിച്ചിട്ടുണ്ടെന്നും തൂക്കവും കുറഞ്ഞിട്ടുണ്ടെന്നും പരിശോധനയില്‍ ഡോ. ദനഞ്ജയ് പോട്ടെ അറിയിച്ചു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുതകുന്ന സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ഹസാരെ ഉന്നയിക്കുന്നുണ്ട്. അതിനാല്‍ സമരത്തിന് ഒട്ടേറെ കര്‍ഷകസംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പുണെയ്ക്കടുത്ത് തന്റെ വാസസ്ഥലമായ റാളെഗന്‍ സിദ്ധിയില്‍ ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വ ദിനമായ ജനവരി 30 മുതലാണ് ഹസാരെ ഉപവാസം തുങ്ങിയത്. താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ മരണം വരെയും സമരം തുടരുമെന്ന നിലപാടിലാണ് ഹസാരെ ഇപ്പോള്‍. ഹസാരെ നടത്തുന്ന ജന ആന്തോളന്‍ സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരക്കാര#് ഞായറാഴ്ച പുണെ – അഹമ്മദ് നഗര്‍ ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ചു.