ബംഗളൂരു: നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മണ്ഡ്യയില്‍ നിന്നു മാത്രമേ മല്‍സരിക്കു എന്ന് സുമലത പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ഇതുവരെ ആലോചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം മണ്ഡ്യ ജനതാദള്‍ എസ്സിന്റെ ശക്തികേന്ദ്രമാണെന്നും സുമലത ജെഡിഎസ് അംഗമല്ലെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന സുമലത കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷിന്റെ ഭാര്യ കൂടിയാണ്. 1998-99ല്‍ ലോക്സഭയില്‍ ജനതാദള്‍ (എസ്) എംപിയായി രാഷ്ട്രീയത്തിലെത്തിയ അംബരീഷ് വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്.