ചെന്നൈ: വൃക്ഷത്തൈകള്‍ നടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കാന് ഒരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. രണ്ട് വൃക്ഷത്തൈകള്‍ വീതം നട്ടുപരിപാലിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ വിഷയത്തിനും രണ്ട് മാര്‍ക്ക് വീതം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ എ ശെങ്കോട്ടയ്യന്‍ പ്രഖ്യാപിച്ചു.
ഓരോ വിഷയത്തിനും ഇങ്ങനെ രണ്ട് മാര്‍ക്ക് വീതം ലഭിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് ആറു വിഷയങ്ങളിലായി 12 മാര്‍ക്ക് ലഭിക്കും. അടുത്ത അധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കുവാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.
തമിഴ്നാട്ടില്‍ 50 ലക്ഷം ആകെയുള്ളത് വിദ്യാര്‍ത്ഥികളാണ്. ഇത്രയും വിദ്യാര്‍ത്ഥികള്‍ 2 വീതം വൃക്ഷത്തൈകള്‍ വീതം നടുകയാണെങ്കില്‍ ഓരോ വര്‍ഷവും രണ്ടര കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ മന്ത്രിയുടെ ഈ പദ്ധതിക്കെതിരെ ഒരുവിഭാഗം പ്രിന്‍സിപ്പല്‍മാരും അധ്യാപകരും രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണോ വൃക്ഷത്തൈകള്‍ നടേണ്ടത്? സ്കൂള്‍ ഇടത്തിലാണോ, അതോ വീടുകളിലാണോ നടേണ്ടത്? ഇങ്ങനെ മാര്‍ക്ക് നല്കുമ്പോള് പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കുള്ള മാര്‍ക്ക് കുറയ്ക്കണമോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഇതിനുള്ള മറുപടി മന്ത്രി നല്‍കിയിട്ടില്ല.