ബംഗളൂരു: ജെഡിഎസ് നേതൃത്വം കര്‍ണാടകയില്‍ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാക്കുന്നു. ദള്‍ നിര്‍വാഹകസമിതി യോഗത്തില്‍ റായ്ചൂര് ഒഴികെയുള്ള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ക്ക് ആവശ്യമുന്നയിക്കേണ്ടെന്ന് തീരുമാനമായെന്നാണു സൂചന. സഖ്യത്തില്‍ എതിര്‍പ്പുണ്ടാക്കുന്നത് 12 സീറ്റുകള്‍ വേണമെന്ന ദളിന്റെ ആവശ്യമാണ്.
കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനമായെങ്കിലും സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ്. ദള്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ കോലാറും തുക്കൂരുവും ചിക്കബെല്ലാപുരയുമടക്കമാണ്. എന്നാല്‍ ഇവ വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണു റായ്ചൂര് ഒഴികെയുള്ള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ ആവശ്യപ്പെടേണ്ടെന്ന തീരുമാനം ദള്‍ എടുക്കുന്നത്.
നിലവില്‍ ദളിനുള്ളത് കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ്. കോണ്‍ഗ്രസില്‍ ഒരുവിഭാഗം എതിര്‍പ്പുയര്‍ത്തുന്നത് ഇതു ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ മൈസൂരു മേഖലയിലുള്ള സ്വാധീനമാണു ദളിന്റെ നേട്ടം. അതേസമയം വടക്കന്‍ കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകള്‍ ദളിനു നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇത്തവണ ജെഡിഎസ് ദേശീയ ആധ്യക്ഷന്‍ എച്ച്ഡിദേവഗൗഡയും ചെറുമക്കളായ നിഖില്‍ കുമാരസ്വാമിയും പ്രജ്വല്‍ രേവണ്ണയും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.