ന്യൂഡല്‍ഹി: മാധ്യമങ്ങളിലൂടെ കോടതിയേയും കോടതിവിധിയേയുംവിമര്ശിക്കുന്ന അഭിഭാഷകര്‍ക്കെതിരേ സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര. കോടതിവിധിക്കെതിരേയും ജഡ്ജിമാര്‍ക്കെതിരേയും വ്യക്തിതാത്പര്യങ്ങളും രാഷ്ട്രീയവും കൂടിക്കലര്‍ത്തി മാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന അഭിഭാഷകര്ക്കേതിരേ കോടതിലക്ഷ്യ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
ഒരുവിഭാഗം അഭിഭാഷകര്‍ക്കെതിരെ അരുണ്‍മിശ്രയുടെ ഭാഗത്തുനിന്ന് രൂക്ഷ വിമര്‍ശനമുണ്ടായത് വേറൊരു കേസില്‍ വിധി പ്രസ്താവിക്കുന്നതിനിടെയാണ്. ജഡ്ജിമാര്‍ക്കെതിരേയും വിധിന്യായത്തിനെതിരേയും നടത്തുന്ന വിമര്‍ശനങ്ങള്‍ പതിവായിരിക്കുകയാണെന്നും വിധിന്യായങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയം കലര്‍ത്തിയാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ നടത്തുന്നതെന്നും ഇത് കൃത്യമായ കോടതിയലക്ഷ്യമായി കാണുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
അഭിഭാഷകര്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സാധാരണക്കാര്‍ക്ക് കോടതിയിലും ജുഡീഷ്യറിയിലുമുള്ള വിശ്വാസം നഷ്ടമാകാന്‍ കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധിപ്രസ്താവിക്കുന്നവര് ഇത്തരത്തില്‍ ആക്രമിക്കപ്പെടുമ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ മറുപടി നല്കാന് ജഡ്ജിമാര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും വിധിന്യായത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഉന്നതാധികാര സഭകള്‍ക്ക് പരാതി കൊടുക്കാവുന്നതാണെന്നും തുടര്‍ന്ന് ബന്ധപ്പെട്ട അതോറിറ്റി ഇത് സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയ്ക്കതിരെ കഴിഞ്ഞ ജനുവരിയില്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം വിളിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് അവര്‍ ആരോപിച്ചത് തങ്ങളേക്കാള്‍ ജൂനിയറായ അരുണ്‍ മിശ്രയ്ക്ക് പ്രാധാന്യമുള്ള കേസുകള്‍ നല്കുന്നു എന്നാണ്.