ന്യൂഡല്‍ഹി: ഹിന്ദുമതവുമായി ബന്ധപ്പെട്ട കേന്ദ്രീയവിദ്യാലയങ്ങളിലെ ഈശ്വര പ്രാര്‍ത്ഥന നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിലേക്ക്. മധ്യപ്രദേശിലെ അഡ്വ. വിനായക് ഷായാണ് സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏതെങ്കിലും ഒരു മതത്തിന് പ്രചാരം കൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. വിഷയം ഭരണഘടനാബെഞ്ചിന് വിടുന്നതിനായി ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്, വിനീത് സരണ്‍ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചിട്ടുണ്ട്.
ഹര്‍ജിയില്‍ രാജ്യത്തെ 1125 കേന്ദ്രീയവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിവിധ മതവിശ്വാസികളായ കുട്ടികളെല്ലാം ‘അസതോമാ സദ്ഗമയാ…’ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം ആലപിക്കേണ്ടിവരുന്നതായി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പണം മുടക്കുന്ന സ്കൂളുകളിലോ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലോ ഏതെങ്കിലുമൊരു മതത്തിനു പ്രചാരം നല്‍കുന്നത് ശരിയല്ലെന്നും ഒരു തരത്തിലുള്ള പ്രാര്‍ത്ഥനകളും ആവശ്യമില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര പഠനാഭിരുചി വളര്‍ത്തുന്നതിന് പ്രാര്‍ഥനകള്‍ തടസ്സം നില്‍ക്കുന്നുവെന്നും പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ പ്രായോഗികമാര്‍ഗങ്ങള്‍ തേടുന്നതിനുപകരം ദൈവത്തില്‍ അഭയംതേടാനാകും വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുകയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഭരണഘടനയുടെ 28(1) വകുപ്പ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ നിര്‍ദേശങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കുന്നു. കേന്ദ്രീയവിദ്യാലയങ്ങളിലെ പ്രാര്‍ഥന സൂക്ഷ്മമായി പഠിച്ചാല്‍ ഹിന്ദുമതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് വ്യക്തമാകും. വിഷയം രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ഈ പ്രാര്‍ത്ഥന അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ എന്നതാണ്. അതിനാല്‍ കേന്ദ്രീയ വിദ്യാലയങ്ങളിലെ അസംബ്ലിയില്‍ ഒരു തരത്തിലുള്ള പ്രാര്‍ത്ഥനയും വേണ്ടെന്ന് നിര്‍ദേശിക്കണമെന്നും വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയമായ പഠനരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
50 വര്‍ഷത്തിലേറെയായി കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര മാനവശേഷിമന്ത്രാലയത്തിന് കീഴിലാണ്. ലോകത്തെതന്നെ ഏറ്റവും വലിയ സ്കൂള്‍ ശൃംഖലയുമാണിത്. കേന്ദ്രീയവിദ്യാലയങ്ങളിലെല്ലാം ഒരേ പാഠ്യരീതിയും സിലബസുമാണ് പിന്തുടരുന്നത്.