ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് തമ്മിലടി മുറുകുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ പാര്‍ട്ടി നേതൃത്വം നിലയ്ക്കു നിര്‍ത്തണമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി കോണ്‍ഗ്രസ് എംഎല്‍എമാരുടെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്ന പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു.
ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ആള് താനല്ലെന്നും പരാമര്‍ശങ്ങള്‍ തുടരാനാണു കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനമെങ്കില്‍ സ്ഥാനം ഉപേക്ഷിക്കാനും തയാറാണെന്നും കുമാരസ്വാമി പറഞ്ഞു. അഭിപ്രായം അറിയിക്കുന്നതില്‍ എന്താണു തെറ്റെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വര ഇതിനു മറുപടിയെന്നോണം പറഞ്ഞു.
‘ഏറ്റവും മികച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. അദ്ദേഹം കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ്. അഭിപ്രായം പറയുന്നതില്‍ എന്താണ് തെറ്റ്? മുഖ്യമന്ത്രിയെന്ന നിലയില്‍ കുമാരസ്വാമിക്കെതിരെ പരാതികളൊന്നുമില്ല’- പരമേശ്വര പറഞ്ഞു. കര്‍ണാടക മന്ത്രി എംടിബി നാഗരാജ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ സിദ്ധരാമയ്യ മാത്രമാണു തങ്ങളുടെ നേതാവെന്ന് നിലപാടെടുത്തിരുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ വന്‍ തുക നല്കി സ്വന്തമാക്കാന്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഓപറേഷന് താമര ഇപ്പോഴുമുണ്ടെന്നും ഞെട്ടിക്കുന്ന തുകകളാണു വാഗ്ദാനം ചെയ്യുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.