ന്യൂഡല്‍ഹി: സിബിഐ ഇടക്കാല മേധാവിയായ എം നാഗേശ്വര റാവു സ്ഥലംമാറ്റിയത് 20 ഉദ്യോഗസ്ഥരെ. പുതിയ മേധാവിയെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നതിനു മൂന്നു ദിവസങ്ങള്ക്കുമുന്പേയാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത്. 20 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി റാവു ഉത്തരവിട്ടത് തിങ്കളാഴ്ചയാണ്. പുതിയ സിബിഐ മേധാവിയെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത് വ്യാഴാഴ്ചയാണ്.
സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിനെ തട്ടിച്ച് രാജ്യം വിട്ട നീരവ് മോഡി, മെഹുല്‍ ചോക്സി എന്നിവരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ഉണ്ട്. കേസ് അന്വേഷിച്ചിരുന്ന എസ്കെ നായരെ മാറ്റിയിരിക്കുന്നത് മുംബൈയിലെ അഴിമതി വിരുദ്ധ വിഭാഗത്തിലേക്കാണ്. ഇദ്ദേഹത്തിനു പകരം നിയമിച്ചിരിക്കുന്നത് ചെന്നൈയില്‍നിന്ന് എസ്പി റാങ്കിലുള്ള എ ശരവണനെയാണ്. ഇദ്ദേഹമായിരുന്നു തമിഴ്നാട്ടിലെ സ്റ്റെര്‍ലൈറ്റ് കേസ് അന്വേഷിച്ചിരുന്നത്.
2ജി സ്പെക്ട്രം കേസ് അന്വേഷിച്ചിരുന്ന വിവേക് പ്രിയദര്‍ശിയെയും ചണ്ഡിഗഢിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. അതേസമയം, കോടതി പ്രത്യേകമായി ആവശ്യപ്പെട്ടത് അനുസരിച്ച് അന്വേഷണം നടത്തിയിരുന്ന കേസുകളില്‍ അവര്‍തന്നെ തുടരന്വേഷണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.