ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടിനെ സംബന്ധിച്ച രേഖകള്‍ കൈവശമുണ്ടെന്നും രണ്ടുദിവസമെടുത്ത് അവ പഠിച്ചശേഷം പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ പറഞ്ഞു. ഒപ്പം കാര്‍ഷികപ്രശ്നങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ റാഫേല്‍ ഇടപാട് സംബന്ധിച്ച രേഖകളുടെ ഉറവിടം വെളിപ്പെടുത്താന്‍ ഹസാരെ തയ്യാറായിട്ടില്ല. ഈ കരാറുണ്ടാക്കുന്നതിന് ഒരുമാസംമുമ്പ് മാത്രം രൂപവത്കരിച്ച കമ്പനിയെ എങ്ങനെ ഇടപാടില്‍ പങ്കാളിയാക്കി എന്നത് മനസ്സിലാകുന്നില്ലെന്നും ലോക്പാല്‍ നിയമം നടപ്പാക്കിയിരുന്നെങ്കില്‍ റഫാല്‍ അഴിമതി ഉണ്ടാകില്ലായിരുന്നെന്നും ഹസാരെ പറഞ്ഞു.
സ്വദേശമായ മഹാരാഷ്ട്രയിലെ റലേഗാവ് സിന്ധിയില്‍ ഈ മാസം 30 മുതലാണ് നിരാഹാര സമരം നടത്തുകയെന്നും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഹസാരെ പറഞ്ഞു. കര്‍ഷകര്‍ക്ക് പെന്ഷന്, വിളകളുടെ മിനിമം താങ്ങുവില ഉറപ്പാക്കല്‍, കാര്‍ഷികവായ്പ എഴുതിത്തള്ളല്‍ എന്നിവ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒന്നും നടപ്പായില്ലെന്നും ഹസാരെ പറഞ്ഞു.
വന്‍കിട വ്യവസായികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അവരുടെ കോടിക്കണക്കിനു രൂപയുടെ വായ്പകള്‍ എഴുതിത്തള്ളുന്നുവെന്നും അതിനാല്‍ ഇനിയും വ്യാജ ഉറപ്പുകള്‍ക്കായി കാത്തിരിക്കാനാവില്ലെന്നും ജീവനുള്ളിടത്തോളം കാലം നിരാഹാരം നടത്താനാണ് തീരുമാനമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. ഈ സമരത്തിന് രാഷ്ട്രീയ കിസാന്‍ മഹാപഞ്ചായത്ത് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള കര്‍ഷകര്‍ സമരത്തില്‍ പങ്കാളികളാകുമെന്ന് നേതാക്കള്‍ പറഞ്ഞു.