ബംഗളൂരു: സിദ്ധഗംഗ മഠാധിപതിയും ലിംഗായത്ത് പരമാചാര്യനുമായ ശിവകുമാരസ്വാമി സമാധിയായി. കഴിഞ്ഞ പതിനഞ്ച് ദിവസമായി സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെയാണ്.
കര്‍ണാടകയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ശിവകുമാരസ്വാമിയുടെ വിയോഗത്തെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ ബിജെപി നീക്കം പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ബിഡദിയിലെ റിസോര്‍ട്ടിലേക്കു മാറ്റിയ എംഎല്‍എമാരോട് തിരികെ പോകാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു നടത്താനിരുന്ന നിയമസഭാ കക്ഷിയോഗവും റദ്ദാക്കി.
ദള്‍-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏകോപന സമിതി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തുമകൂരുവിലേക്കു തിരിച്ചു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും തുമകൂരുവിലെ സിദ്ധഗംഗ മഠത്തിലെത്തി. വരള്‍ച്ചാബാധിത മേഖലകളില്‍ ബിജെപി ഇന്നു തുടങ്ങാനിരുന്ന സന്ദര്‍ശനം റദ്ദാക്കി പാര്‍ട്ടി അധ്യക്ഷന്‍ ബിഎസ്യെഡിയൂരപ്പയും തുമകൂരുവിലെത്തി. ഇവിടേക്കുള്ള പ്രധാന റോഡുകളിലെല്ലാം ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.