ശ്രീനഗര്‍: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ജമ്മു റോപ് വേയുടെ കേബിള്‍ കാര്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ തകര്‍ന്ന് വീണു. അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പീര്‍ ഖുമിലെ മഹാമായ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.
ഫെബ്രുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കേബിള്‍ കാര്‍ ഉദ്ഘാടനം ചെയ്യാനിരുന്നത്. പരീക്ഷണ ഓട്ടത്തിനായി ആറ് തൊഴിലാളികളുമായാണ് കേബിള്‍ കാര്‍ യാത്ര ആരംഭിച്ചത്. മധ്യഭാഗത്ത് എത്തിയതോടെ കേബിളില്‍ നിന്നും ബന്ധം വേര്‍പെട്ട് കാര്‍ 30 മീറ്ററോളം താഴ്ചയുള്ള വനപ്രദേശത്തേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ ബിഹാര്‍ സ്വദേശിയായ രാകേഷ് കുമാര്‍, റാം എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മറ്റ് നാലുപേര്‍ക്ക് സാരമായി പരിക്കേറ്റു. സാങ്കേതിക പിഴവാണ് അപകടത്തിന് കാരണെന്നാണ് പ്രാഥമിക നിഗമനം. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 75 കോടി രൂപ ചെലവഴിച്ചാണ് കേബിള്‍ കാര്‍ നിര്‍മ്മിച്ചത്.