ഗൊരഖ്പുര്‍: നിത്യ ജീവിതം നയിക്കാനായി ഏക വരുമാന മാര്‍ഗമായ ബാര്‍ബര്‍ ഷോപ്പ് നടത്താന്‍ നാല് വര്‍ഷം പുരുഷന്മാരെപ്പോലെ വേഷം മാറി സഹോദരിമാര്‍. 18കാരിയായ ജ്യോതി കുമാരിയും 16കാരിയായ നേഹ കുമാരിയുമാണ് 2014 മുതല്‍ അച്ഛന് ധ്രുവ് നാരായണന് നടത്തി വന്നിരുന്ന ബാര്‍ബര്‍ ഷോപ്പ് ഏറ്റെടുത്ത് നടത്തിയത്.
അസുഖം ബാധിച്ച് അച്ഛന് കിടപ്പിലായതോടെ വരുമാനം മാര്‍ഗം വഴിമുട്ടിയ അവസ്ഥയിലായി. ഗൊരഖ്പുര്‍ ഖുശിനഗറിലെ ബന്‍വാരി തോല എന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ കട നടത്തുന്നത്. അച്ഛന് തളര്‍ന്ന് കിടപ്പിലായതോടെ ആദ്യം കട പൂട്ടാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് വരുമാനം മുടങ്ങുമെന്ന സ്ഥിതി വന്നപ്പോഴാണ് സഹോദരിമാര്‍ കട തുറന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്നാല്‍ നാട്ടില്‍ ഇതൊരു കൗതുക കാഴ്ചയായിരുന്നു. പെണ്‍കുട്ടികള്‍ മുടിവെട്ടുന്നതുകൊണ്ട് ആദ്യമൊക്കെ പുരുഷന്മാര് കടയില്‍ വരില്ലായിരുന്നു. പിന്നീട് കടയിലെത്തിയിരുന്ന ചിലരില്‍ നിന്ന് ഇരുവര്‍ക്കും മോശം പെരുമാറ്റങ്ങള്‍ നേരിടേണ്ടിയും വന്നു. ഇതേതുടര്‍ന്നാണ് മുടി വെട്ടുകയും പേരുകള്‍ ദീപക്, രാജു എന്നാക്കുകയും ചെയ്ത് വേഷം മാറി കട നടത്താന്‍ ഇവര്‍ നിര്‍ബന്ധിതരായത്.
ആള്‍മാറാട്ടത്തെക്കുറിച്ച് ഗ്രാമവാസികളില്‍ ചിലര്‍ക്ക് അറിയാമായിരുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇതറിയാതെ മുടിവെട്ടാന്‍ വന്നിരുന്നു. പിന്നീട് പലരും ഇവര്‍ പെണ്‍കുട്ടികളാണെന്ന് തിരിച്ചറിഞ്ഞെങ്കിലും സാഹചര്യം മനസിലാക്കി ഇവരുമായി സഹകരിക്കുകയായിരുന്നു. മക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അച്ഛന് ധ്രുവ് നാരായണന് പറഞ്ഞു.