ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള നടപടികള്‍ അടുത്ത മാസം 28 നകം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥരെ സ്വന്തം ജില്ലയില്‍ നിന്ന് മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
3 വര്‍ഷം ഒരു ജില്ലയില്‍ ജോലി ചെയ്തവര്‍ക്കും അടുത്ത മേയ് 31നു സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്കും ഉത്തരവു ബാധകമായിരിക്കും.ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടുമാര്‍, ഡപ്യൂട്ടി കലക്ടര്‍മാര്‍, ബ്ലോക്ക് വികസന ഓഫീസര്‍മാര്‍, പോലീസ് റേഞ്ച് ഐജിമാര്‍ മുതല്‍ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പു ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ ഉത്തരവിന്റെ പരിധിയില്‍ വരും.
തെരഞ്ഞെടുപ്പു ജോലികള്‍ക്ക് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് അഭികാമ്യമല്ലെന്നും കമ്മിഷന് വ്യക്തമാക്കി. ഉത്തരവു നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് മാര്‍ച്ച് ആദ്യ വാരം ലഭ്യമാക്കണമെന്നും അറിയിച്ചു.