കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ റാലിയില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം അണിനിരന്നു. റാലിക്ക് എത്തിയിട്ടുള്ളത് 20 ലേറെ ദേശീയ നേതാക്കളാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, വിവിധ സംസ്ഥാനങ്ങളിലെ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖരെല്ലാം റാലിക്ക് അണിനിരന്നിട്ടുണ്ട്.
റാലി സംഘടിപ്പിച്ചിട്ടുള്ളത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നയിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ റാലിക്ക് എത്തിയിട്ടില്ല. പക്ഷേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് മനു സിങ്വി തുടങ്ങിയവര്‍ റാലിയില്‍ എത്തിയിട്ടുണ്ട്.
യോഗത്തിന് ബിജു ജനതാദള്ളിന്റെയും സിപിഎം നേതൃത്വം നല്കുന്ന ഇടതുപാര്‍ട്ടികളുടെയും നേതാക്കള്‍ ഒഴികെ പ്രതിപക്ഷത്തുള്ള പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളെല്ലാം എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റാലിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നിയോഗിച്ചിട്ടുള്ളത് 10,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ്.