ഡെറാഡൂണ്‍: ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റി പാര്‍പ്പിക്കാനായി സര്‍ക്കാര്‍ വക കെട്ടിടം. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ചമ്പവത് ജില്ലയിലാണ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് താമസിക്കാനായി സര്‍ക്കാരിന്റെ ചെലവില്‍ പ്രത്യേക കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ജില്ലാ മജിസ്ട്രേറ്റ്.
പതിനാലാമത് സാമ്പത്തിക കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമത്തിന്റെ വികസനത്തിനായി അനുവദിച്ച തുക കെട്ടിട നിര്‍മ്മാണത്തിനായി ദുരുപയോഗപ്പെടുത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കെട്ടിടം നിര്‍മ്മിച്ചതിനെതിരെ ഒരുവിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ ജില്ലാ മജിസട്രേറ്റിന് പരാതി നല്‍കിയതിന് ശേഷമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി പാര്‍പ്പിക്കുന്നത് ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്നും ജില്ലയില്‍ ഇതുപോലെ കൂടുതല്‍ സ്ഥലങ്ങളുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും ജില്ലാ മജിസിട്രേറ്റ് വ്യക്തമാക്കി.