ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണ് ജെഡിയുവിന്റെ നേതൃത്വത്തില്‍ രണ്ടാമനായി തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ അവരോധിക്കാനുള്ള ആശയം മുന്നോട്ടുവച്ചതെന്ന് നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമാണ് നിതീഷ് കുമാര്‍.
തന്നെ ഫോണില്‍ വിളിച്ച് പ്രശാന്ത് കിഷോറിനെ പാര്‍ട്ടി ഉപാധ്യക്ഷനാക്കാനുള്ള നിര്‍ദേശം വച്ചത് അമിതാ ഷാ ആണ് എന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ‘പ്രശാന്ത് കിഷോറിന് പാര്‍ട്ടി പദവി നല്‍കാനുള്ള തീരുമാനം എന്റേത് മാത്രമായിരുന്നില്ല, ഈ ആവശ്യവുമായി അമിത് ഷാ രണ്ട് തവണ തന്നെ വിളിച്ചിരുന്നു’ നിതീഷ് കുമാര്‍ വ്യക്തമാക്കി.
പ്രശാന്ത് കിഷോറിനെ ഏല്പിച്ചിരിക്കുന്നത് പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ യുവാക്കളുമായി കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള ദൗത്യമാണ്. ഒപ്പം രാഷ്ട്രീയ കുടുംബത്തില്‍ പെട്ടവരല്ലാത്തവരെ രാഷ്ട്രീയത്തിലേക്ക് എത്തിക്കാനുള്ള ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.