2017 ജൂണില്‍ പ്രസിദ്ധീകരിച്ച ന്യൂസ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ദ വയറിനെതിരെ അദാനി ഗ്രൂപ്പ് നല്കിയ അപകീര്‍ത്തി കേസ് ഗുജറാത്ത് കോടതി തള്ളി. ഹാജരാകാനുള്ള മജിസ്ട്രേറ്റിന്റെ സമന്‍സും കോടതി റദ്ദാക്കി. ഇപിഡബ്ല്യു (എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി) മുന്‍ എഡിറ്റര്‍ പരന്‍ജോയ് ഗുഹ തകൂര്ത്തയുടേതാണ് റിപ്പോര്‍ട്ട്.
ഇപിഡബ്ല്യുവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരായ അദാനി ഗ്രൂപ്പിന്റെ നീക്കത്തെ തുടര്‍ന്ന് മാനേജ്മെന്റ് സമ്മര്‍ദ്ദത്തില്‍ വാര്‍ത്ത പിന്‍വലിക്കുകയും പരന്‍ജോയ് ഗുഹ തകൂര്‍ത്ത എഡിറ്റര്‍ സ്ഥാനം രാജി വയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വയര്‍ ഇത് പുനപ്രസിദ്ധീകരിക്കുകയായിരുന്നു.
2017 ജൂണ്‍ 14നാണ് ഇപിഡബ്ല്യു പരന്ജോയിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അദാനി ഗ്രൂപ്പിന് 500 കോടി രൂപയുടെ ലാഭമുണ്ടാക്കുന്ന വിധത്തില്‍, പ്രത്യേക സാമ്പത്തിക മേഖല ചട്ടങ്ങളില്‍ മാറ്റം വരുത്തിയെന്ന വിവരമാണ് റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. റോ മെറ്റീരിയല്‍ ഡ്യൂട്ടി അടയ്ക്കാതെ കമ്പനി റീ ഇംബേഴ്സ്മെന്റ് വാങ്ങിയതായി റിപ്പോര്‍ട്ട് പറയുന്നു.
നിയമനടപടി സംബന്ധിച്ച അദാനി ഗ്രൂപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് ഇപിഡബ്ല്യു മാനേജ്മെന്റ് ആയ സമീക്ഷ ട്രസ്റ്റിന്റെ സമ്മര്‍ദ്ദത്തില്‍ ഈ സ്റ്റോറി പിന്‍വലിക്കുകയും എഡിറ്റര്‍ സ്ഥാനം രാജി വെക്കാന്‍ പരന്‍ജോയ് നിര്‍ബന്ധിതനാവുകയുമായിരുന്നു. ജൂണ്‍ 19ന് തന്നെ ഇപിഡബ്ല്യുവിന്റെ അനുമതിയോടെ വയര്‍ ഇത് പുനപ്രസിദ്ധീകരിച്ചു.
2017 നവംബര്‍ 16ന് ദ വയറിന്റെ സ്റ്റോറി തടയണമെന്ന് ആവശ്യപ്പെട്ടുള്ള അദാനിയുടെ ഹര്‍ജി ഗുജറാത്തിലെ സിവില്‍ കോടതി തള്ളിയിരുന്നു. അതേസമയം ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച ഒരു പരാമര്‍ശം സ്റ്റോറിയില്‍ നിന്ന് നീക്കം ചെയ്യാനും അന്ന് കോടതി ആവശ്യപ്പെട്ടു.
ഇതിന് ശേഷമാണ് ഈ റിപ്പോര്‍ട്ടിന്റെയും പരന്ജോയുമായി ദ വയര്‍ എഡിറ്റര്‍ എംകെ വേണു നടത്തിയ അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പ്, വയറിനെതിരെ അപകീര്‍ത്തി കേസുമായി വീണ്ടും കോടതിയെ സമീപിച്ചത്.