ബംഗളൂരു: വീണ്ടും കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങളുടെ പക്ഷത്താക്കാനുള്ള ബിജെപി നീക്കം സജീവമാകുന്നു. ഇതിന് മറുപടിയായി ബിജെപി എംഎല്‍എമാരെയും അടര്‍ത്താനുള്ള നീക്കം ഭരണപക്ഷവും തുടങ്ങി. പാര്‍ട്ടിനേതൃത്വം പറയുന്നത് കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ മുംബൈയിലാണെന്നാണ്. എന്നാല്‍ ആറ് എംഎല്‍എമാരാണ് മംബൈയിലുള്ളതെന്നാണ് സൂചന. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷും ബിജെപി പക്ഷത്തേക്ക് മാറിയതായാണ് റിപ്പോര്‍ട്ട്. േേേ
മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും സഖ്യസര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കില്ലെന്ന് സിദ്ധരാമയ്യയും സര്‍ക്കാരിന് പ്രതിസന്ധിയില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വരയും പറഞ്ഞു. ഏതാനും എംഎല്‍എമാര്‍ സംസ്ഥാനം വിട്ടിട്ടുണ്ടെന്നും എന്നാല്‍ അവര്‍ പോയത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നും എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് ബിഎസ് യെദ്യൂരപ്പയും ഭരണപക്ഷത്തെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ബിജെപി എംഎല്‍എമാര്‍ക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അധ്യക്ഷന്‍ പാര്‍ട്ടി എംഎല്‍എമാരെയും എംപിമാരെയും ഡല്‍ഹിക്ക് വിളിപ്പിച്ചതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. ബിജെപിയുടെ ഔദ്യോഗിക വിശദീകരണം ലോക്സഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ചര്‍ച്ചചെയ്യാനാണ് എംഎല്‍എമാരെയും എംപിമാരെയും ഡല്‍ഹിക്ക് വിളിപ്പിച്ചതെന്നാണ്.
എന്നാല്‍ ഈ അട്ടിമറിനീക്കം ചെറുക്കാനായി മുഖ്യമന്ത്രി കുമാരസ്വാമി ബിജെപിയിലെ അഞ്ച് എംഎല്‍എമാരുമായി ബന്ധപ്പെട്ടുവെന്നാണു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് എംഎല്‍എമാരെ തത്കാലം ഡല്‍ഹിയില്‍ തന്നെ നിര്‍ത്താനാണ് ബിജിപിയുടെ തീരുമാനം.
മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മുംബൈയിലുള്ള മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും ആരും രാജിവെക്കില്ലെന്നും വ്യക്തമാക്കി. പിന്നീട് മുംബൈയിലുള്ള എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മന്ത്രി ഡികെ ശിവകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ശിവകുമാര്‍ മുംബൈയില്‍ പോയി എംഎല്‍എമാരെ കാണുമെന്നു പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഡികെ ശിവകുമാറാണ് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബിജെപിയുടെ നീക്കം തകര്‍ത്തത്.
ഭരണപക്ഷത്തുനിന്ന് ചുരുങ്ങിയത് 15 എംഎല്‍എമാരെ രാജിവെപ്പിച്ചാല്‍ മാത്രമേ സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയൂ. ഇതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഭരണപക്ഷത്തിന് 118 പേരുടെ പിന്തുണയുണ്ട്. ബിജെപിക്ക് ഉള്ളത് 104 അംഗങ്ങളാണ്.