ബെംഗളൂരു: ബിജെപി വീണ്ടും ഓപ്പറേഷന് താമര നടപ്പാക്കുന്നുവെന്ന ആരോപണവുമായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ രംഗത്ത്. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാനായാണ് ഇതെന്നാണ് ആരോപണം. മൂന്ന് കേണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.
‘രാഷ്ട്രീയ കുതിക്കച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. മുംബൈയിലെ ഹോട്ടലില്‍ ബിജെപി നേതാക്കന്മാര്ക്കൊപ്പം ഞങ്ങളുടെ മൂന്ന് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുകയാണ്. അവിടെ എന്താണ് നടക്കുന്നതെന്നും എത്ര രൂപയാണ് അവര്‍ക്ക് ഓഫര്‍ കൊടുത്തിട്ടുള്ളതെന്നുമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്’ ഡികെ ശിവകുമാര്‍ പറഞ്ഞു.
വളരെ സൗമ്യനായ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചൊക്കെ അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടെന്നും ബിജെപിയുടെ കളികള്‍ കാത്തിരുന്ന് കാണാം എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. താനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുമായിരുന്നുവെന്നും ഈ കളിയില്‍ ബിജെപി വിജയിക്കാന്‍ പോകുന്നില്ലെന്നും ഡികെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
2008 കാലത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രലോഭിപ്പിച്ച് മറുകണ്ടം ചാടിക്കാനായി നടത്തിയ ശ്രമങ്ങളാണ് ഓപ്പറേഷന് ഓപ്പറേഷന് താമര എന്നപേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ ബിജെപി ശിവകുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. കോണ്‍ഗ്രസ് തങ്ങളുടെ കഴിവുകേടും തമ്മിലടിയും മറച്ചുപിടിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും ബിജെപി പറഞ്ഞു.