ബംഗലൂരു: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കന്നഡ സിനിമാ താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ നിന്ന് കണ്ടെത്തിയത് 11കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കള്‍. കന്നഡ നടന്മാരായ പുനീത് രാജ്കുമാര്, ശിവ് രാജ് കുമാര്‍, സുദീപ്, യഷ്, വന്‍കിട സിനിമാ നിര്‍മ്മാതാക്കളായ റോക്ക് ലൈന്‍ വെങ്കിടേഷ്, സി ആര് മനോഹര്‍, വിജയ് കിരങ്ങദുര്, ജയന്ന എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ് നടന്നത്.
റെയ്ഡില്‍ 2.85കോടിയുടെ പണവും, 25.3 കിലോ സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഇടപാടിലും ജ്വല്ലറി രംഗത്തുമുള്ള വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുടെ രേഖകളും ലഭിച്ചു. ഓഡിയോ, ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങളുടെ രേഖകള്‍, വിതരണക്കാരില്‍ നിന്നുള്ള കണക്കില്‍പ്പെടാത്ത പണം തുടങ്ങിയവയും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. ആകെ 109 കോടിയോളം രൂപയുടെ അനധികൃത ഇടപാടുകളുടെ രേഖകള്‍ ലഭിച്ചതായാണ് സൂചന.
എന്നാല്‍ ആരില്‍ നിന്നൊക്കെയാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതെന്ന വ്യക്തിഗത വിവരം ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടിട്ടില്ല. നടന്മാര്ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെ നികുതി വെട്ടിപ്പിനുള്ള തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ പരാതികളെത്തുടര്‍ന്ന് 21കേന്ദ്രങ്ങളിലായി 180 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മൂന്നുദിവസത്തോളം നീണ്ട റെയ്ഡ് നടന്നത്.