ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ വീണ്ടും പരിഷ്കാരങ്ങളുമായി റെയില്‍വെ. യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് റെയില്‍വെ സ്റ്റേഷനില്‍ ചെക്ക് ഇന്‍ ചെയ്യണമെന്ന രീതി കൊണ്ടുവരാന്‍ റെയില്‍വെ ഒരുങ്ങുന്നു. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മുതല്‍ 20 മിനിറ്റ് നേരത്തെ സ്റ്റേഷനില്‍ എത്തി സുരക്ഷാ പരിശോധനകള്‍ പൂര്ത്തിയാക്കിയിരിക്കണമെന്നാണ് പുതിയ നിബന്ധന. ഈ രീതി ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും.
ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, സിസിടിവി ക്യാമറ, ലഗേജുകള്‍ പരിശോധിക്കാനുള്ള സ്കാനറുകള്‍, കണ്ട്രോള് യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് ചെക്കിങ് നടപടികള്‍ നടത്തുക. കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് ഇതിനോടൊപ്പം മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടാകും. ഇതിനായി ഏകദേശം 385.06 കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.
റെയില്‍വെ സ്റ്റേഷനുകളില്‍ തിരക്കുള്ള സമയങ്ങളില്‍ പ്രവേശിക്കുന്ന എല്ലാ യാത്രക്കാരെയും കര്‍ശന പരിശോധനകള്‍ക്ക് വിധേയരാകും. എന്നാല്‍ ആദ്യഘട്ടത്തില്‍ സ്റ്റേഷനിലേക്ക് എത്തുന്ന എട്ടോ ഒമ്പതോ യാത്രക്കാരില്‍ ഒരാളോ ഒന്നിലേറേ പേരെയോ എന്ന കണക്കിലായിരിക്കും പരിശോധനയ്ക്ക് വിധേയരാക്കുക.
കുംഭമേളയോടനുബന്ധിച്ച് നിലവില്‍ അലഹബാദില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഹൂബ്ലി റെയില്‍വെ സ്റ്റേഷനിലും മറ്റ് 202 റെയില്‍വെ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വെ സുരക്ഷാ സേന. യാത്രക്കാര്‍ക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാകും പരിശോധനകളെന്ന് ആര്‍പിഎഫ് ഡയറകടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പിടിഐയോട് പറഞ്ഞു.