ലഖ്നോ:കുംഭമേളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അനുവദിച്ചത് 4300 കോടിരൂപ. കുംഭമേളയോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ ഒഴുക്ക് മുന്നില്‍ കണ്ടാണ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഫിക്കി തമിഴ്നാട് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ എക്സൈസ് മന്ത്രി ജയ് പ്രതാപ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 15മുതലാണ് കുംഭമേള ആരംഭിക്കുന്നത്. ആത്മീയ ടൂറിസം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാം വര്‍ധിപ്പിച്ച് കുംഭമേള വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പ്രയാഗ് രാജ് സന്ദര്‍ശിച്ചിരുന്നു.
ഇത്തവണ ഏകദേശം 20 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരും സന്യാസികളുമാണ് ഓരോ കുംഭമേളയ്ക്കും എത്തുന്നത്. ഇക്കുറി വിദേശത്ത് നിന്നും വലിയതോതില്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. അര്‍ധ കുംഭമേള മാര്‍ച്ച് മൂന്ന് വരെ നീളും. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണീ സംഗമ സ്ഥലത്താണ് കുംഭമേള നടക്കുന്നത്.