ഹൈദരാബാദ്: ശബരിമല ക്ഷേത്രത്തില്‍ ഇരുട്ടിന്റെ മറവില്‍ യുവതികളെ പ്രവേശിപ്പിച്ചത് ഭീരുത്വമെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ജി മാധവന് നായര്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മാധവന്‍നായര്‍ ഇത് സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത നടത്തിയതാണെന്നും കുറ്റപ്പെടുത്തി. ഇത് ആര്‍ക്കും ചെയ്യാവുന്ന കാര്യമാണ്. ഓപ്പറേഷന് നടന്നത് അര്‍ധ രാത്രിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് ശേഷവും ആദ്യത്തെ സംഘര്‍ഷത്തിന് ശേഷം ശാന്തമായ അന്തരീക്ഷം പുലര്ന്നതാണ്. ഈ നടപടി അത് നശിപ്പിച്ചു. 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ പാടില്ല എന്നത് പാരമ്പര്യമായി പുലര്‍ന്നുവന്ന ആചാരമാണെന്നും അവിടെ എത്തുന്ന ഭക്തരും അത് പാലിക്കണമെന്നും അതില്‍ ഭരണഘടനാപരമായി ഒന്നും ഉള്‍പ്പെട്ടിട്ടുള്ളതായി താന്‍ കരുതുന്നില്ലെന്നും ജി മാധവന് നായര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ഹിന്ദു സമൂഹം മാത്രം ലക്ഷ്യമാകുന്നത്. സിഖുകാരോ, മുസ്ലിങ്ങളോ, ക്രിസ്ത്യാനികളെയോ നോക്കുക, അവര്‍ക്കും അവരുടേതായ ആചാരങ്ങളുണ്ട്, ഇതില്‍ കോടതിയോ സര്‍ക്കാരോ ഇടപെടുന്നില്ല. ഇത് ഒരു രാഷ്ട്രീയ അജണ്ടയാണ്. മാധവന് നായര്‍ പറഞ്ഞു. സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലാണ്. പുനര്‍നിര്‍മ്മാണവും പുനരധിവാസവും ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുമായി ഏറെക്കാലമായി സഹകരിച്ചു വരുകയായിരുന്നു, ഔദ്യോഗികമായി അംഗത്വം എടുത്തത് അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ മാത്രമാണ് എന്നേയുള്ളൂ എന്നാണ് ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്.