ന്യൂഡല്‍ഹി: ഒരുകാലത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഏറെ സ്വാധീനിച്ച ആകാശവാണിയുടെ ദേശീയ ചാനല്‍ പ്രക്ഷേപണം അവസാനിപ്പിക്കാന്‍ പ്രസാര്‍ഭാരതി തീരുമാനിച്ചു. വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളും ഇതിനൊപ്പം സഞ്ചരിച്ച് പുതിയ മേഖലകളിലേക്ക് കടക്കേണ്ടതിന്റെയും ആവശ്യകതയെ മുന്‍ നിര്‍ത്തിയാണ് പുതിയ തീരുമാനമെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പട്ടി പറഞ്ഞു.
ഓള് ഇന്ത്യ റേഡിയോ (എഐആര്‍) യുടെ ദേശീയ ചാനലും ഒപ്പം അഞ്ച് നഗരങ്ങളിലുള്ള പ്രാദേശിക പരിശീലന കേന്ദ്രങ്ങളും പൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യത്തിലെ അന്തിമതീരുമാനം കൈക്കൊണ്ടത് ഡിസംബര്‍ 24നാണ്. 1987ല്‍ ആരംഭിച്ച് ആകാശവാണിയുടെ ദേശീയ ചാനല്‍ എല്ലാ ദിവസവും വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ ആറ് വരെയായിരുന്നു പ്രക്ഷേപണം നടത്തിയിരുന്നത്.
തൊഡപൂര്, നാഗ്പൂര്‍ എന്നിവിടങ്ങളിലടക്കമുള്ള കേന്ദ്രങ്ങള്‍ ഇനി പ്രവര്‍ത്തിക്കില്ല. അഹമ്മദാബാദ്, ഹൈദരാബാദ്, ലഖ്നൗ, ഷില്ലോങ്, തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളാണ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്.