മുംബൈ: അഭിയിക്കാന്‍ അവസരം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കാസ്റ്റിങ് ഡയറക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മുംബൈ സെഷന്‍സ് കോടതി. 23 വയസ്സുകാരിയുടെ പരാതിയില്‍ കാസ്റ്റിങ് ഡയറക്ടര്‍ രവീന്ദ്രനാഥ് ഘോഷിനാണ് കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 1.30 ലക്ഷം പിഴയും വിധിച്ചു. ഇതില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി യുവതിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2011ല്‍ മുംബൈയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് യുവതി കാസ്റ്റിങ് ഡയറക്ടര്‍ രവീന്ദ്രനാഥിനെ പരിചയപ്പെട്ടത്. അഭിനയിക്കാനും മോഡലിങിലും താല്പര്യമുണ്ടെന്നറിഞ്ഞ ഇയാള്‍ യുവതിക്ക് ടെലിവിഷന്‍ സീരിയലില്‍ അവസരം വാഗ്ദാനം ചെയ്തു. ഒരു ഓഡിഷനില്‍ പങ്കെടുത്ത യുവതിയെ 2012 ഫെബ്രുവരിയില്‍ ഒരു ലോഡ്ജില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി.
രവീന്ദ്രനാഥിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജോലി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോയി. എന്നാല്‍ അവിടെയും ഇയാള്‍ പിന്തുടരുകയും പണം ആവശ്യപ്പെടുകയും ചെയ്തു. തരില്ലെന്ന് പറഞ്ഞപ്പോള്‍ യുവതിയുടെ നഗ്നചിത്രം ഭര്‍ത്താവിനും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിക്കും അയച്ചു. ഇതേതുടര്‍ന്ന് യുവതി പരാതി നല്കി. 2013 ഡിസംബറില്‍ രവീന്ദ്രനാഥിനെ പോലീസ്
അറസ്റ്റ് ചെയ്യുകയായിരുന്നു.