ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര് മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സീലിങ് ഫാന്‍ നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ച് വയസുകാരിയുമുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റവരെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ വിവരം ലഭിച്ച ഉടന്‍ തന്നെ അഗ്നിശമന സേനയുടെ എട്ട് വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയതായി ഡല്‍ഹി പോലീസ് പറഞ്ഞു. പാചവാതകം സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നിരുന്നു. ഇതാണ് മരണനിരക്ക് ഉയരാന്‍ കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്.
കൂടാതെ തകര്‍ന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള വഴി ഇടുങ്ങിയതായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമായി. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഫാക്ടറി നടത്തിയതിന് ഉടമസ്ഥനെതിരെ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ നിസാരമായി പരിക്കേറ്റ 15 പേരെ അടുത്തുള്ള ആശുപത്രികളിലേക്കും മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.