ജലന്തര്‍: 106-ാം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ജലന്തറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യ്തു. ശാസ്ത്രം ആഗോളമാണെങ്കിലും സാങ്കേതികവിദ്യ പ്രാദേശികമാകണമെന്നും എങ്കില്‍ മാത്രമേ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയൂ എന്നും ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കാനാണു ഗവേഷകര്‍ പരിശ്രമിക്കേണ്ടതെന്നും ഉദ്ഘാടന പ്രസഗത്തില്‍ അദ്ദേഹം പറഞ്ഞു.
തന്റെ സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മോഡിയുടെ പ്രസംഗം. സര്‍ക്കാര്‍ 3600 കോടി രൂപയുടെ നാഷനല്‍ മിഷന് ഓണ്‍ ഇന്റര്‍ ഡിസിപ്ലിനറി സൈബര്‍ ഫിസിക്കല്‍ സിസ്റ്റത്തിന് അംഗീകാരം നല്കി. ഇനി പുതിയ മിഷന് ആയിരിക്കും രാജ്യത്തെ ശാസ്ത്ര സാങ്കേതിക ഗവേഷണം, നൈപുണ്യ വികസനം, ഇതുമായി ബന്ധപ്പെട്ട രാജ്യാന്തര സഹകരണം, സ്റ്റാര്‍ട്ടപ് സംവിധാനങ്ങള്‍ എല്ലാം ഏകോപിപ്പിക്കുക.
ഒപ്പം ശാസ്ത്ര കോണ്‍ഗ്രസിനു വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൊബേല്‍ സമ്മാന ജേതാക്കളുമായി മോഡി ‘ചായ് പേയ് ചര്‍ച്ച’ നടത്തി. 60 രാജ്യങ്ങളില്‍ നിന്നുള്ള കാല് ലക്ഷത്തോളം പ്രതിനിധികള്‍ ലോകത്തെ ഏറ്റവും വലിയ ശാസ്ത്ര സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത് ഏഴിനു സമാപിക്കും. ജലന്തറിലെ ലവ്ലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസിനോടനുബന്ധിച്ച് ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ്, വനിതാ ശാസ്ത്ര കോണ്‍ഗ്രസ് എന്നിവയും നടക്കും.
കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ് വര്ധന്, പഞ്ചാബ് ഗവര്‍ണര്‍ വിപിഎസ് ബന്ദോര്‍, കേന്ദ്രമന്ത്രി വിജയ് സാംപ്ല, പഞ്ചാബ് വാണിജ്യ-വ്യവസായ മന്ത്രി ശ്യാം സുന്ദര്‍ അറോറ, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന് ജനറല്‍ പ്രസിഡന്റ് മനോജ് കുമാര്‍ ചക്രവര്‍ത്തി, ലവ്ലി പ്രഫഷനല്‍ സര്‍വകലാശാല ചാന്‍സര്‍ അശോക് മിത്തല്‍ എന്നിവര്‍ സംസാരിച്ചു.