ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ബാങ്കുകളില്‍ നടന്നത് വന്‍ തട്ടിപ്പ്. 2017-18 സാമ്പത്തിക വര്‍ഷം മാത്രം രാജ്യത്തെ ബാങ്കുകളില്‍നിന്ന് സാമ്പത്തിക തട്ടിപ്പുകാര്‍ ചോര്‍ത്തിയത് 41167.7 കോടി രൂപയെന്ന് റിസര്‍വ്വ് ബാങ്ക്. നാലുവര്‍ഷമായി ബാങ്ക് തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നും ബാങ്കിന്റെ വര്‍ഷാവസാന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബാങ്കുകളില്‍ കഴിഞ്ഞ വര്‍ഷം 5,917 തട്ടിപ്പ് സംഭവങ്ങളും മുന്‍വര്‍ഷം 5,076 എണ്ണവും നടന്നിട്ടുണ്ട്. 23,933 കോടി നഷ്ടമായ മുന്‍വര്‍ഷത്തെക്കാള്‍ 72 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വര്‍ധന. കഴിഞ്ഞ വര്‍ഷം സൈബര്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചെന്നും ഇതുവഴിയാണ് കൂടുതല്‍ പണം നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2059 സംഭവങ്ങളിലായി 109.6 കോടിയാണ് നഷ്ടമായത്. മുന്‍വര്‍ഷം ഇത് 1,372 സംഭവങ്ങളില്‍നിന്നായി 42.3 കോടിയായിരുന്നു. വജ്രവ്യാപാരി നീരവ് മോഡിയും മെഹുല്‍ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി തട്ടിച്ചതാണ് നഷ്ടക്കണക്കില്‍ വന്‍ വര്‍ധന ഉണ്ടാക്കിയത്.