ചെന്നൈ: ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കോര്‍ കമ്പനി ബ്രാഹ്മണരില്‍ നിന്നുമാത്രം ജോലിക്ക് അപേക്ഷ ക്ഷണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം വിവാദമായതിനെ തുടര്‍ന്ന് സ്വകാര്യ ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയായ അക്കോര്‍ ക്ഷമാപണം നടത്തി. വിവിധ വിഭാഗങ്ങളിലേക്ക് ജനറല്‍ മാനേജര്‍ തസ്തികകളിലേക്കാണ് അപേക്ഷക്ഷണിച്ചിരുന്നത്.
അഡയാര്‍ ടോക്ക് എന്ന പ്രാദേശിക പത്രത്തില്‍ നല്‍കിയത് ഇതിന്റെ പരസ്യമാണ്. ഈ പരസ്യത്തിലാണ് ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് കാണിച്ചിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വിമര്‍ശനമുയരുകയും ചെയ്തതോടെ കമ്പനി അധികൃതര്‍ വിശദീകരണവുമായി എത്തി.
കമ്പനി ഉദ്ദേശിച്ചിരുന്നത് സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ എന്നാണെന്നും എന്നാല്‍, പത്രസ്ഥാപനം അത് ബ്രാഹ്മണര്‍ എന്നാക്കി പ്രസിദ്ധീകരിച്ചുവെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ നടത്തിയ ആദ്യ വിശദീകരണം. എന്നിട്ടും പ്രതിഷേധം അടങ്ങാതെവന്നതോടെ ക്ഷമാപണം നടത്തുകയായിരുന്നു. ചൈന, യൂറോപ്പ് എന്നിവിടങ്ങളിലും ഓഫീസുള്ള അന്താരാഷ്ട്ര കമ്പനിയാണെന്നും പരസ്യത്തില്‍വന്ന തെറ്റിന്റെപേരില്‍ എച്ച്ആര്‍ വിഭാഗത്തിനെതിരേ നടപടിയെടുക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.