വിജയവാഡ: വിദേശരാജ്യങ്ങളിലേക്ക് കൂടുതലായും കയറ്റുമതി ചെയ്യുന്ന ഗുണ്ടൂരിലെ മുളകില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ അംശം കണ്ടെത്തി. ഗുണ്ടൂരിലെ മുളക് പാടങ്ങളില്‍ നിന്നും ശേഖരിച്ച് പരിശോധനയ്ക്കയച്ച മുളകിലാണ് കാന്‍സറിന് കാരണമായ അഫ്ളാടോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്.
പഠനത്തിന്റെ ഭാഗമായി വിജയവാഡയിലെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും ഗുണ്ടൂരിലെ ചന്തകളില്‍ നിന്നും മുളക് ശേഖരിച്ചു. വിഷവസ്തുക്കളുടെ സാന്നിധ്യം ഉയര്‍ന്ന അളവിലാണ് മുളകില്‍ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.
കേടുകൂടാതെ മുളക് സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തുക്കളില്‍ നിന്നാണ് അഫ്ളാടോണ്‍ മുളകിലെത്തിയതെന്നാണ് കരുതുന്നത്. യുഎസ്, യുകെ മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് ധാരാളമായി കയറ്റുമതി ചെയ്യുന്ന മുളകില്‍ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇനിയുള്ള കയറ്റുമതി തടസ്സപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.