ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനും എതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ജമ്മു കാശ്മീരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ജിതേന്ദ്രയുടെ ഈ വിമര്‍ശനം.
നെഹ്രു ആഭ്യന്തര മന്ത്രിയെന്ന നിലയിലുള്ള സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെയിരുന്നെങ്കില് ജമ്മു കാശ്മീരിന്റെ സ്ഥിതി ഇന്നു മറ്റൊന്നാകുമായിരുന്നെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജിതേന്ദ്രയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജവഹര്‍ ലാല്‍ നെഹ്രു എന്തൊക്കെ ചെയ്തുവെന്ന് ചരിത്രത്തില്‍നിന്ന് ബിജെപി പഠിക്കണമെന്ന് ഖാര്‍ഗെ പറഞ്ഞു. ഇതിനു മറുപടിയായി ജിതേന്ദ്ര കാശ്മീരിലെ നിലവിലെ സ്ഥിതിക്കു കാരണം സംസ്ഥാനത്തെ തുടര്‍ച്ചയായ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അബദ്ധങ്ങളുടെ ഫലമാണെന്നും ഇത് ആരംഭിച്ചത് നെഹ്റുവിയന്‍ അബദ്ധങ്ങളില്നിന്നാണെന്നും പറഞ്ഞു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി തയ്യാറാണെന്നും ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയും മകനും ചേര്‍ന്ന് തീരുമാനങ്ങളെടുക്കുന്ന ‘അടുക്കള പാര്‍ട്ടി’യല്ല തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. അമ്പതിലധികം വര്‍ഷമായി സംസ്ഥാനത്തെ നശിപ്പിച്ചവരാണ് ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നതെന്നും ജിതേന്ദ്ര കൂട്ടിച്ചേര്‍ത്തു.