സിംല: ഉത്തരേന്ത്യയില്‍ ശൈത്യം പിടിമുറുക്കി. ഹിമാചലിലെ ഏറ്റവും കുറഞ്ഞ താപനിലയുള്ള ലാഹ്വല്‍ സ്പിതി ജില്ലയില്‍ ഇപ്പോള്‍ മൈനസ് 11.1 ഡിഗ്രി സെല്‍ഷ്യസാണ് താപനില. സോളന്‍, ചംബ, സുന്ദര്‍നഗര്‍ എന്നിവിടങ്ങളിലും താപനില പൂജ്യത്തിന് താഴെയായി.
കടുത്ത ശൈത്യം എത്തിയതോടെ ഹിമാചല്‍ പ്രദേശിലെ ലാഹ്വല്‍-സ്പിതിയിലെ ചന്ദ്രാ നദി ഭാഗികമായി തണുത്തുറഞ്ഞു. വിനോദസഞ്ചാരകേന്ദ്രമായ മണാലിയില്‍ തിങ്കളാഴ്ച താപനില മൈനസ് 3.2 ആയിരുന്നു. തലസ്ഥാനമായ ഷിംലയിലാകട്ടെ താപനില 2.7 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ ജമ്മു കാശ്മീരിലും കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 26 മുതല്‍ ശൈത്യക്കാറ്റ് ആരംഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതിശൈത്യമെത്തിയതോടെ ഇവിടങ്ങളിലേക്ക് തണുപ്പ് ആസ്വദിക്കാനായി വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. തണുത്തുറഞ്ഞ ഹിമാചല്‍പ്രദേശ് സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട
സ്ഥലമാണ്.