ന്യൂഡല്‍ഹി: പാര്‍ലമെന്ററി പാനല്‍ ഓണ്‍ സിവില്‍ ഏവിയേഷന്‍ ചെയര്മാന് ഡെറിക് ഒ ബ്രയന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വിമാന സര്‍വീസ് നടത്തുന്ന കമ്പനികളില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അസംതൃപ്തി ഉണ്ടാക്കുന്നത് സ്വകാര്യ കമ്പനിയായ ഇന്‍ഡിഗോയാണ്. അതേ സമയം എയര്‍ ഇന്ത്യ ഏറ്റവും മികച്ച സേവനം നല്കി വരുന്നുവെന്നും ഡെറിക് അറിയിച്ചു.
തൃണമുല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ടൂറിസം, റോഡ്-കപ്പല്‍-വിമാന ഗതാഗത വകുപ്പുകള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തലവനാണ്. ഉത്സവ സീസണുകളില്‍ ചില വിമാനക്കമ്പനികള്‍ സാധാരണയുള്ളതിനേക്കാള്‍ എട്ടോ പത്തോ ഇരട്ടി അധിക തുക ഈടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡെറിക് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നിരവധി പരാതികള്‍ ഇന്ഗിഗോയ്ക്കെതിരെ അടുത്തിടെ ഉയര്‍ന്നിരുന്നു. മറ്റു ചില സ്വകാര്യകമ്പനികളുടെ സേവനത്തെ കുറിച്ചും പരാതിയുണ്ടെങ്കിലും ഇന്‍ഡിഗോയുടേത് ഏറ്റവും മോശമാണെന്ന് കമ്മിറ്റിയിലെ മുപ്പതംഗങ്ങള്‍ക്കും ഏകാഭിപ്രായമാണുള്ളത്. ഒന്നോ രണ്ടോ കിലോ അധിക ബാഗേജിന് ഇന്‍ഡിഗോ വന്സേവന ചാര്‍ജ് ഈടാക്കുന്നുണ്ട്.
കമ്മിറ്റി വിമാനക്കമ്പനികള്‍ ഈടാക്കുന്ന പല തരത്തിലുള്ള ചാര്‍ജുകളില്‍ ഇളവ് വരുത്തണമെന്ന് ശുപാര്‍ശ ചെയ്തതായി ഡെറിക് അറിയിച്ചു. കാന്സലേഷന് ചാര്‍ജ് അടിസ്ഥാന നിരക്കിന്റെ അന്പതുശതമാനമാക്കി കുറയ്ക്കണമെന്ന നിര്‍ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. വിമാനയാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന നികുതി, ഇന്ധന ചാര്‍ജുകള്‍ തിരികെ നല്‍കാനുള്ള നടപടിയുണ്ടാകണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.