നാഗ്പൂര്‍: കോടതിയുടെ ചരിത്രത്തില്‍ ഒരു അപൂര്‍വ്വ സംഭവം. വിധി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അഭിഭാഷകന് സെഷന്‍സ് കോടതി ജഡ്ജിയുടെ കരണത്തടിച്ചു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ ദിനേഷ് പരാറ്റെയാണ് മുതിര്‍ന്ന ജഡ്ജിയായ കെആര്‍ ദേശ്പാണ്ഡെയെ കോടതിയിലെ ലിഫ്റ്റിന് പുറത്ത് വച്ച് മുഖത്തടിച്ചത്.
ജഡ്ജിയെ തല്ലിയ ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച ദിനേഷ് പരാറ്റയെ പോലീസുകാര്‍ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചു.അപ്രതീക്ഷിതമായി കോടതി പരിസരത്തുണ്ടായ സംഭവത്തെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ആറാഴ്ചയ്ക്കുള്ളില്‍ ഇയാള്‍ സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ തൃപ്തികരമായ വിശദീകരണം നല്‍കണം. അല്ലാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നാണ് ബോംബെ ഹൈക്കോടതിയുടെ നോട്ടീസില്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് വിഘാതമാണെന്ന് മുഖത്ത് അടിയേറ്റ ജസ്റ്റിസ് കെആര്‍ ദേശ്പാണ്ഡെ പറഞ്ഞു.