ന്യൂഡല്‍ഹി: ഗര്‍ഭിണിക്ക് രക്തംസ്വീകരിച്ചത് വഴി എച്ച്ഐവി ബാധിച്ച സംഭവത്തില്‍ രക്തം നല്കിയ കൗമാരക്കാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. തമിഴ്നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് എട്ടുമാസം ഗര്‍ഭിണിയായ 24കാരിക്ക് എച്ച്ഐവി അണുബാധയുണ്ടായത്.
സംഭവത്തില്‍ കുടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്താണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
2016ലാണ് ബന്ധുവിന്റെ ശസ്ത്രക്രിയയ്ക്കായി ഇയാള്‍ രക്തം നല്‍കിയത്. അന്ന് ഉപയോഗിക്കാതെ ആശുപത്രിയിലെ രക്തബാങ്കില്‍ സൂക്ഷിച്ച രക്തം രണ്ടുവര്‍ഷത്തിനുശേഷം ചികിത്സതേടിയെത്തിയ യുവതിക്ക് നല്‍കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശകമ്മിഷന് കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും നോട്ടീസയച്ചു. കൃത്യമായി പരിശോധിക്കാതെ രക്തം നല്കിയ ലാബ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.