ന്യൂഡല്‍ഹി: തെരഞ്ഞെടുക്കുന്ന ചാനലുകള്‍ക്ക് മാത്രം പണം നല്കിയാല് മതിയെന്ന പുതിയ വ്യവസ്ഥ ഡിസംബര്‍ 29ന് പ്രാബല്യത്തില്‍ വരും. എന്നാല്‍ ടെലിവിഷന്‍ ചാനല്‍ രംഗത്ത് വരുന്ന പുതിയ പരിഷ്കരണങ്ങള്‍ ഉപഭോക്താക്കളെ ഒരുവിധത്തിലും മോശമായി ബാധിക്കില്ലെന്ന് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ് വ്യക്തമാക്കി.
പുതുതായി നിലവില്‍ വരുന്ന വ്യവസ്ഥ ഉപഭോക്താക്കളുടെ ടെലിവിഷന്‍ സേവനങ്ങള്‍ക്ക് ഒരു വിധത്തിലുളള തടസ്സവും സൃഷ്ടിക്കില്ലെന്നും ട്രായ് വിശദീകരിച്ചു. സുതാര്യത ഉറപ്പുവരുത്താന്‍ ചാനലുകള്‍ക്ക് ഈടാക്കുന്ന പണം സംബന്ധിച്ച വിവരങ്ങള്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റേഴ്സ് ഉപഭോക്താക്കളെ ധരിപ്പിക്കണം. ഓരോ ചാനലിനും അഥവാ ചാനലുകള്‍ കൂട്ടമായി നല്കുന്ന ബൊക്കാ മാതൃകയിലുളള സേവനത്തിനും ഈടാക്കുന്ന പണം സംബന്ധിച്ച വിശദാംശങ്ങളാണ് ബ്രോഡ്കാസ്റ്റേഴ്സ് പ്രേക്ഷകരെ യഥാസമയം അറിയിക്കേണ്ടത്.
പുതിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രായിയുടെ വിശദീകരണം. ഇതുസംബന്ധിച്ച് എല്ലാ ബ്രോഡ്കാസ്റ്റേഴ്സിനും ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്ന ചാനലുകളുടെ സേവനം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ചാനല്‍ സേവനദാതാക്കളോട് ട്രായ് ആവശ്യപ്പെട്ടു.