ചെന്നൈ : കൈനോക്കാനെത്തുന്ന സ്ത്രീകളെ വശീകരിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കൈനോട്ടക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തമിഴ്നാട് തിരുപ്പൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കൊലയാളിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
തിരുപ്പൂരിലെ കുമാരന് റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്കിലെ കൈനോട്ടക്കാരനായ രമേശാണ് കൊല്ലപ്പെട്ടത്. ആളുകള്‍ നോക്കി നില്‍ക്കെ, ഹെല്‍മറ്റ് ധരിച്ചെത്തിയ ആള് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇയാളെ വടിവാളു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. വെട്ടേറ്റ് നിലത്തു വീണ ഇയാളെ വീണ്ടും വീണ്ടും വെട്ടുകയും ചെയ്തു.
സംഭവസ്ഥലത്ത് പോലീസ് എത്തുന്നതിന് മുമ്പ് രമേശ് മരിച്ചിരുന്നു. കൈനോക്കാനെത്തുന്ന സ്ത്രീകളെ വശീകരിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഇയാളുടെ ശീലമാണെന്ന് ആരോപിച്ചാണ് കൊലയെന്നാണ് സൂചന. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.