പട്ന: എന്‍ഡിഎ ഘടക കക്ഷി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടുന്നത് വികസനമാണെന്ന് പറഞ്ഞു. അല്ലാതെ രാമക്ഷേത്രമല്ല ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാറിന്റെ ഈ പ്രതികരണം അമിത് ഷായ്ക്കും രാം വിലാസ് പാസ്വാനുമൊപ്പം ബിഹാറില്‍ സീറ്റ് വിഭജന പ്രഖ്യാപനം നടത്തിയ ശേഷമായിരുന്നു. നേരത്തെ സമാനമായ പ്രസ്താവന രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും നടത്തിയിരുന്നു.
ഘടകകക്ഷികളുടെ ഈ നിലപാട് രാമക്ഷേത്ര വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. രാമക്ഷേത്ര തര്‍ക്കത്തില്‍ കോടതിയിലാണ് അഭിപ്രായ സമന്വയമുണ്ടാക്കേണ്ടത്. സംസ്ഥാനത്ത് വികസനമാണ് പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്നും നിതീഷ് വ്യക്തമാക്കി.
ബിജെപിയും ജെഡിയുവും ബിഹാറില്‍ 17 വീതം സീറ്റുകളിലും എല്‍ജെപി ആറ് സീറ്റിലും മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സീറ്റ് വിഭജന പ്രഖ്യാപനം നടത്തിയത് അമിത് ഷായും നിതീഷ് കുമാറും പാസ്വാനും ചേര്‍ന്നാണ്. കേന്ദ്ര മന്ത്രിയായ പാസ്വാനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ എന്‍ഡിഎയിലെ സഖ്യകക്ഷിയായ ആര്‍എല്‍എസ്പി മുന്നണി വിട്ടിരുന്നു.