ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് പാലമായ ബോഗിബീല്‍ ചൊവ്വാഴ്ച പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. 4.94 കിലോമീറ്റര്‍ നീളമാണ് ബ്രഹ്മപുത്ര നദിക്ക് കുറുകേ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിനുള്ളത്. ധേമാജി അരുണാചലുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ്.
അസമിലെ ടിന്‍സുക്യയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണിലേക്കുള്ള ട്രെയിന്‍ യാത്രാസമയം പാലം തുറന്നുകൊടുക്കുന്നതോടെ പത്ത് മണിക്കൂറിലേറെ കുറയും. ഇതു വഴി യാത്രാ സൗകര്യത്തിന് പുറമേ വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും കഴിയും.
ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തിലാണ് രണ്ട് തട്ടുകളായുള്ള പാലം നിര്‍മ്മിച്ചത്. താഴത്തെ തട്ടില്‍ ഇരട്ട റെയില്‍ പാതയും മുകളില്‍ മൂന്ന് വരി റോഡുമാണുള്ളത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ധേമാജിയില്‍ നിന്ന് ദീബ്രുഗഡിലേക്കുള്ള ദൂരം 500ല്‍നിന്ന് 100 കിലോമീറ്ററായി കുറയും. പാലത്തിന് ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക് ഉള്‍പ്പെടെ കടന്നുപോകാനുള്ള കരുത്ത് ഉണ്ട്.
വാജ്പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25ന് പാലം തുറക്കുന്നതോടെ ദിബ്രുഗഡില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നാണ് പ്രദേശവാസികളും വ്യവസായികളും പ്രതീക്ഷിക്കുന്നത്. 2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി തറക്കല്ലിട്ട ബോഗിബീല്‍ പാലം 5920 കോടി രൂപ മുതല്‍മുടക്കിലാണ് പണി പൂര്‍ത്തിയാക്കിയത്.