മുസഫര്‍നഗര്‍ : ഇസ്ലാമിക നിയമപ്രകാരം സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് തെറ്റാണെന്ന് ഫത്വ. ദാറൂല്‍ ഉലൂമാണ് ഇതുസംബന്ധിച്ച പുതിയ വിലക്ക് പുറപ്പെടുവിച്ചത്. ഒരു വിശ്വാസി സംശയം ചോദിച്ചുകൊണ്ട് നല്കിയ കത്തിനുള്ള മറുപടിയിലാണ് ദാറൂല്‍ ഉലൂം സെമിനാരി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നിന്നുകൊണ്ട് ഭക്ഷണംകഴിക്കുന്നതും നിയമവിരുദ്ധമാണെന്ന് ഫത്വ ( വിലക്ക് ) ചൂണ്ടിക്കാട്ടുന്നു.
വിവാഹചടങ്ങുകളിലും മറ്റ് ആഘോഷപരിപാടികളിലുമെല്ലാം സ്ത്രീയും പുരുഷനും വേര്‍തിരിവില്ലാതെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിക നിയമം ശരീഅത്ത് അനുസരിച്ച് കടുത്ത തെറ്റും പാപവും ആണെന്ന് ദാറൂല്‍ ഉലൂമിന്റെ ഫത്വയില് ചൂണ്ടിക്കാട്ടുന്നു.
അതുപോലെ തന്നെ കല്യാണ ചടങ്ങുകളിലും മറ്റും പതിവു രീതിയായ ‘ബുഫേ’യിലും മറ്റും ഭക്ഷണം നിന്നുകൊണ്ട് കഴിക്കുന്നത് ശരീഅത്ത് നിയമപ്രകാരം നാജായേസ്( നിയമവിരുദ്ധം) ആണെന്നും സെമിനാരി വ്യക്തമാക്കുന്നു. ഇത്തരം രീതികള്‍ പിന്തുടരുന്നത് മുസ്ലിം സമൂഹത്തെ നശിപ്പിക്കുമെന്നും അതിനാല്‍ ഈ ശീലങ്ങള്‍ മുസ്ലിങ്ങള്‍ വര്‍ജ്ജിക്കണമെന്നും പറയുന്നു. അന്യപുരുഷന്മാര് ഇരിക്കുന്ന വേദിയില്‍ ഇരുന്ന് മുസ്ലിം സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്ന പതിവും ഉപേക്ഷിക്കണമെന്ന് ദാറൂല്‍ ഉലൂം ആവശ്യപ്പെട്ടു.