ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 320 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 22 ലക്ഷം കോടി രൂപ) 2,300 വിമാനങ്ങള്‍ വേണ്ടിവരുമെന്ന് വിമാനനിര്‍മ്മാണക്കമ്പനിയായ ബോയിങ്. ഒറ്റ ഇടനാഴിയുള്ള 1,940 വിമാനങ്ങളും 350 വലിയ വിമാനങ്ങളുമാണ് ആവശ്യം വരുക. ഇതിന് യഥാക്രമം 15 ലക്ഷം കോടി രൂപയും ഏഴുലക്ഷം കോടി രൂപയും വേണ്ടിവരും. ഏഴായിരം കോടി രൂപയുടെ പത്ത് പ്രാദേശിക ജെറ്റ് വിമാനങ്ങളും വേണ്ടിവരുമെന്ന് കമ്പനി അറിയിച്ചു.
രാജ്യത്ത് ആഭ്യന്തര വിമാനയാത്രാ രംഗത്ത് അത്ഭുതകരമായ വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നും ഇതിന്റെയടിസ്ഥാനത്തിലാണ് ഭാവിയില്‍ ഇന്ത്യയില്‍ ഇത്രയും വിമാനങ്ങളുടെ ആവശ്യം തങ്ങള്‍ കണക്കാക്കിയതെന്നും ബോയിങ് അറിയിച്ചു. ആഭ്യന്തര വിമാനയാത്രാ വിപണി വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബോയിങ്ങിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് (ഏഷ്യ പസഫിക് ആന്‍ഡ് ഇന്ത്യ സെയ്ല്‍സ്) ദിനേശ് കെസ്കര്‍ പറഞ്ഞു.
ഓരോ മാസവും ശരാശരി പത്തുലക്ഷം വിമാനയാത്രകള്‍ രാജ്യത്തിനുകത്ത് നടക്കുന്നുണ്ടെന്നാണ് അനുമാനം. അതേസമയം, ഇന്ത്യന്‍ വിപണി വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യാത്രക്കാര്‍ വര്‍ധിച്ചിട്ടും ഭൂരിഭാഗം എയര്‍ലൈനുകളും ലാഭമുണ്ടാക്കുന്നില്ല. ഇന്ധനവിലയും വിനിമയനിരക്കും യാത്രാക്കൂലിയും വെല്ലുവിളിയാണെന്നും കെസ്കര്‍ പറഞ്ഞു.