ന്യൂഡല്‍ഹി: അതിശൈത്യത്തിലേക്ക് കാലെടുത്ത് വെച്ച് തലസ്ഥാനം. അന്തരീക്ഷ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അടുത്ത മൂന്ന് ദിവസങ്ങളില്‍ തലസ്ഥാനത്ത് ശൈത്യക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.
ഡല്‍ഹിയില്‍ 2015 ന് ശേഷം ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു ഇന്നലെ. 5.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ മഞ്ഞ് വീഴ്ചയും ശൈത്യക്കാറ്റുമാണ് ഡല്‍ഹിയിലെ താപനില താഴാന്‍ ഉണ്ടായ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിലയിരുത്തുന്നു.
ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ മഞ്ഞു വീഴ്ച ആരംഭിച്ചതോടെയാണ് ഡല്‍ഹിയില്‍ നേരത്തെ തന്നെ അതിശൈത്യം എത്തിയത്. ഡിസംബര്‍ 22 വരെ ഈ സ്ഥിതി തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.