ശ്രീനഗര്‍: പരമ്പരാഗത വസ്ത്രമായ ഫെരന് (തണുപ്പ് കാലത്ത് ധരിക്കുന്ന നീളംകൂടിയ വസ്ത്രം) ഏര്‍പ്പെടുത്തിയ നിരോധനം പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നീക്കി. ഓഫീസുകളില്‍ ഫെരന് നിരോധിച്ച് ഉത്തരവിറക്കിയത് വിദ്യഭ്യാസ വകുപ്പായിരുന്നു.
ഇതിനെതിരെ ആദ്യം പ്രതിഷേധം ഉയര്‍ത്തിയത് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയാണ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് നിരവധിയാളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തി. ലാന്‍ഗേറ്റിലെ സോണല്‍ വിദ്യാഭ്യാസ ഓഫീസറാണ് ഓഫീസുകളില്‍ ഫെരനും സാദാ ചെരിപ്പും പ്ലാസ്റ്റിക് ഷൂവും നിരോധിച്ച് ഉത്തരവിറക്കിയിരുന്നത്.
ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത് താനും പിതാവും ഫെരന് ധരിച്ച് പല പൊതുപരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും ഇനിയും ധരിക്കുമെന്നുമാണ്. എന്തിനാണ് ഇത് നിരോധിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നും തണുപ്പ് കാലത്ത് ശരീരം ചൂടാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഫെരന് ധരിക്കുന്നതെന്നും ഒമര്‍ പറഞ്ഞു.
I fail to understand why pherans should be banned! This is a regressive order that makes no sense at all. Pherans are a very practical way of keeping warm during the cold winter aside from being part of our identity. This order should be withdrawn. https://t.co/ClmV5b9smV
— Omar Abdullah (@OmarAbdullah) December 18, 2018
ഈ നിരോധനം കാശ്മീരികളുടെ സ്വത്വത്തെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധിയാളുകള്‍ ഫെരന് ധരിച്ചുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധം അറിയിച്ചു. പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച നിരോധനനം പിന്‍വലിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.