ന്യൂഡല്‍ഹി: ഇന്ന് രാവിലെ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രവേശനകവാടത്തിലെ സുരക്ഷാവേലിയില്‍ സ്വകാര്യ ടാക്സി വാഹനം ഇടിച്ചത് പരിഭ്രാന്തി പരത്തി. വാഹനം ഇടിച്ചയുടന്‍ അതീവജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ദ്രുതകര്‍മസേന പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശകവാടവും പാതയും സുരക്ഷാവലയത്തിനുള്ളിലാക്കുകയും ചെയ്തിട്ടുണ്ട്.
സംഭവസമയത്ത് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തുകയും വാഹനത്തില്‍ പരിശോധന നടത്തുകയും ചെയ്യുന്നത് ഉണ്ട്. അബദ്ധവശാലോ നിയന്ത്രണം തെറ്റിയോ ആണ് വാഹനം സുരക്ഷാവേലിയില്‍ ഇടിക്കാനിടയായതെന്നാണ് ഇപ്പോഴത്തെ അനുമാനം. പരിശോധന വേഗം പൂര്‍ത്തിയാവുകയും വാഹനം അവിടെ നിന്ന് പോകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
ഈ കവാടം പാര്‍ലമെന്റംഗങ്ങള്‍ക്ക് മന്ദിരത്തിനകത്തേക്ക് പ്രവേശനത്തിനുള്ളതാണ്. രാജ്പഥില്‍ രാഷ്ട്രപതിഭവന് സമീപത്താണ് പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. ഏറെ സുരക്ഷാസംവിധാനങ്ങള്ക്കുള്ളിലാണ് രാജ്പഥിലെ ഔദ്യോഗികമന്ദിരങ്ങള് സ്ഥിതിചെയ്യുന്നത്.
ജാഗ്രതാനിര്‍ദേശം വാഹനം പോയതിനെ തുടര്‍ന്ന് പിന്‍വലിച്ചു. 2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തിന്റെ പതിനേഴാം വാര്‍ഷികം ഡിസംബര്‍ 13 നായിരുന്നു. അഞ്ച് ഭീകരുടെ സംഘം നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടിരുന്നു.