ഭോപ്പാല്‍: മധ്യപ്രദേശില്‍ നടന്നത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന അടുത്തകാലത്തെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് വിജയിച്ചു.
എന്നാല്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് പുതിയ മുഖ്യമന്തി കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച സാന്നിദ്ധ്യമായി. വളരെ പ്രസന്നനായാണ് പരിപാടിയില്‍ ആദ്യാവസാനം ചൗഹാന് പങ്കെടുത്തത്. പുതിയ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഒപ്പം ആഹ്ലാദത്തോടെ കൈചേര്‍ത്ത് പിടിച്ച് ഫോട്ടോയ്ക്കും പോസ് ചെയ്തു. മൂന്ന് തവണ മുഖ്യമന്ത്രിയായ ചൗഹാന് ചടങ്ങില്‍ വേണ്ട പ്രാധാന്യം നല്കാന് കോണ്‍ഗ്രസും മടികാണിച്ചിരുന്നില്ല.
ചൗഹാന് കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ മുഖ്യാതിഥി ആയ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ചൗഹാന്റെ തന്നെ പാര്ട്ടിക്കാര് ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തുമ്പോഴാണ് എന്നതാണ് മറ്റൊരു കൗതുകം. സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമല്‍നാഥിനെ മുഖ്യമന്ത്രി ആക്കിയതിനെതിരെ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അരുണ്‍ ജെറ്റ്ലി ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.
ചൗഹാന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കവെ ഇത് തങ്ങളുടെ നേതാവിന്റെ മഹത്വമാണ് തെളിയിക്കുന്നതെന്ന് ബിജെപി വക്താവ് പറഞ്ഞു. രാഷ്ട്രീയത്തില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്നും അതിനപ്പുറത്ത് വിദ്വേഷത്തിന് സ്ഥാനമില്ലെന്നും ചൗഹാന് തെളിയിച്ചിരിക്കുകയാണെന്നും ബിജെപി വക്താവ് വ്യക്തമാക്കി.
ചൗഹാന് നേരത്തെ സംസ്ഥാനത്തെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചൗഹാന്റെ ജനകീയതയും ഭരണമികവും ഉയര്‍ത്തിയാണ് ബിജെപി വോട്ട് ചോദിച്ചിരുന്നത്.
#WATCH Madhya Pradesh: Former CM Shivraj Singh Chouhan, Jyotiraditya Scindia and Kamal Nath at Nath's swearing-in ceremony in Bhopal. pic.twitter.com/KrTz5RB5JT
— ANI (@ANI) December 17, 2018