വെല്ലൂര്‍: ചുരുങ്ങിയ കാലം കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ പബ്ജി വീഡിയോ ഗെയിം കളിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്‍ജിനീയറിങ് കോളേജ് അധികൃതര്‍. തമിഴ്നാട്ടിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഹോസ്റ്റലില്‍ പബ്ജി കളിക്കുന്ന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ ഗെയിം കളി പരിധി വിട്ടതിനെ തുടര്‍ന്നാണു അധികൃതരുടെ നടപടി.
ഗെയിം കളിക്കുന്നവര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നറിയച്ച് ഹോസ്റ്റല്‍ അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കി. ചില വിദ്യാര്‍ഥികള്‍ പബ്ജി കളിക്കുന്നത് മറ്റു കുട്ടികള്‍ക്ക് അലോസരം സൃഷ്ടിക്കുന്നെന്നും ഇത് ഹോസ്റ്റലിന്റെ അന്തരീക്ഷം നശിപ്പിക്കുന്നെന്നും സര്‍ക്കുലറില്‍ പറയുന്നു. പല കുട്ടികളും ഗെയിമിന് അടിമകളായി മാറിയെന്ന് മനസിലാക്കിയതിനെത്തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്ഡന് പറഞ്ഞു.
ഹോസ്റ്റല്‍ അധികൃതരുടെ നടപടിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പുറത്തുവിട്ടത്.
കളി വിലക്കിയുള്ള സര്‍ക്കുലര്‍ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമിലും റെഡ്ഡിറ്റിലും ഷെയര്‍ ചെയ്തു.
അധികൃതരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.