ന്യൂഡല്‍ഹി: സുരക്ഷയും സുഖയാത്രയും ലക്ഷ്യമിട്ട് ശതാബ്ദി, രാജധാനി എക്സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ പരിഷ്കാരങ്ങളുമായി ഇന്ത്യന്‍ റെയില്‍വെ. ആധുനിക കപ്ലര്‍ സംവിധാനം പ്രയോജനപ്പെടുത്തി സുഗമമായ യാത്രാനുഭവമാണ് യാത്രക്കാര്‍ക്കായി റെയില്‍വെ വാഗ്ദാനം ചെയ്യുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ പുതിയ സാങ്കേതികവിദ്യ പൂര്‍ണ്ണമായും നടപ്പാക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു.
കൂട്ടിയിടിയോ പാളം തെറ്റലോ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കോച്ചുകള്‍ മറ്റൊന്നിനു മുകളിലേക്ക് ഇടിച്ചുകയറുന്ന അവസ്ഥ ഒഴിവാക്കാന്‍ പുതിയ സംവിധാനം സഹായകമാകും. കൂടാതെ കുലുക്കം കുറയ്ക്കാന്‍ ഏറെ ഉപകരിക്കും. ന്യൂഡല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന എല്ലാ ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളിലും കോച്ചുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന സെന്റര്‍ ബഫര്‍ കപ്ലര്‍ സംവിധാനം സ്ഥാപിച്ചതായി റെയില്‍വെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
കൂടാതെ ഷോക്ക് അബ്സോര്‍ബറിന്റെ പ്രയോജനവും ലഭിക്കും. ട്രെയിന്‍ പെട്ടെന്ന് ബ്രേക്കിടുകയോ വേഗത കൂട്ടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ യാത്രക്കാരുടെ സുഗകരമായ യാത്രയെ തടസ്സപ്പെടുത്താത്ത രീതിയില്‍ ഇത് ക്രമീകരക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കും. അടുത്ത ഘട്ടത്തില്‍ മറ്റ് ട്രെയിനുകളിലും ഈ സംവിധാനം നടപ്പിലാക്കാന്‍ പദ്ധതിയുണ്ട്.