മുംബൈ: മഹാരാഷ്ട്രയില്‍ ഉള്ളി വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കിലോക്കണക്കിന് ഉള്ളി വിറ്റപ്പോള്‍ ലഭിച്ച നാമമാത്രമായ വില മറ്റൊരു കര്ഷകന് കൂടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് അയച്ചുകൊടുത്ത് പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. 545 കിലോ ഉള്ളി വിറ്റപ്പോള്‍ ലഭിച്ച തുച്ഛമായ 216 രൂപയാണ് നാസിക്കില്‍നിന്നുള്ള ചന്ദ്രകാന്ത് ദേശ്മുഖ് എന്ന കര്ഷകന് മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തത്.
‘താമസിക്കുന്ന സ്ഥലത്ത് വരള്‍ച്ച അനുഭവപ്പെടുകയാണ്. കൃഷിക്കായി വായ്പയും എടുത്തിട്ടുണ്ട്. വീട്ടുകാര്യം എങ്ങനെ നടത്തിക്കൊണ്ടുപോകുമെന്ന് അറിയില്ല.’ ചന്ദ്രകാന്ത് പറയുന്നു. നാസിക്കിലെ എപിഎംസി മാര്‍ക്കറ്റില്‍ വിറ്റപ്പോള്‍ കിലോയ്ക്ക് 52 പൈസ നിരക്കിലാണ് ഉള്ളിക്ക് വില ലഭിച്ചത്.
ഗുണനിലവാരമുള്ള ഉള്ളിയായിരുന്നു താന്‍ മൊത്തകമ്പോളത്തില് വില്ക്കാന് കൊണ്ടുപോയതെന്നും ചന്ദ്രകാന്ത് കൂട്ടിച്ചേര്‍ത്തു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാസിക്കില്‍ നിന്നുള്ള മറ്റൊരു ഉള്ളി കര്ഷകന് 750 കിലോ ഉള്ളി വിറ്റപ്പോള്‍ കിട്ടിയ ആയിരം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്ത് പ്രതിഷേധിച്ചിരുന്നു.