കോലാപൂര്‍ : യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ആള്‍ദൈവം പോലീസ് പിടിയില്‍. ജീവിതത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി എത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് ആള്‍ദൈവം ചമഞ്ഞ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ 50 കാരനായ നാര്കെബാബ എന്നറിയപ്പെടുന്ന മനോജ് മധുകര്‍ നാര്കെ എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവമാണ് പിടിയിലായത്.
യുവതിയെയും അമ്മയെയും അച്ഛന് നിരന്തരമായി മര്‍ദിക്കുമായിരുന്നു. ഇതില്‍ മനംനൊന്ത പെണ്‍കുട്ടി ഇക്കാര്യം അടുത്ത സുഹൃത്തിനോട് പറയുകയും സുഹൃത്ത് പ്രശ്നപരിഹാരത്തിനായി നാര്കെബാബയെ കാണാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ബാബയെ സമീപിച്ചത്.
വീട്ടിലെ പ്രശ്നങ്ങള്‍ കേട്ടതിന് ശേഷം നാര്കെ ബാബ ഗൃഹനില പരിശോധിച്ച് ദോഷ പരിഹാരത്തിനായി വിദ്യാര്‍ത്ഥിനിയോട് നഗ്നയാകാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിഷേധിച്ചതോടെ ഇയാള്‍ യുവതിയെ കയറിപ്പിടിച്ചു. പേടിച്ച് വിറച്ച വിദ്യാര്‍ത്ഥിനി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ ഭയന്ന പെണ്‍കുട്ടി രണ്ട് ദിവസത്തോളം വിവരം ആരോടും പറയാതെ മറച്ച് വെച്ചു. പിന്നീട് അമ്മയോട് തുറന്ന് പറയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മയും സമീപവാസികളും ചേര്‍ന്ന് ആള്‍ദൈവത്തിനെതിരെ രാജാറാംപുരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.